Monday 13 November 2017

സോളോ ഒരു അടിപൊളി പടം




സോളോ ഒരു സിനിമയല്ല, നാലു ചെറിയ സിനിമകളാണ്. ശേഖർ, ത്രിലോക്, ശിവ, രുദ്ര എന്നിങ്ങനെ നാലു കഥാപാത്രങ്ങളുടെ കഥകൾ. ഇവ തമ്മിൽ പ്രത്യക്ഷത്തിലോ അല്ലാതെയോ ഒരു ബന്ധവുമില്ല. എങ്കിലും ആസ്വാദനത്തെ ബാധിക്കുന്നതല്ല ഇൗ വേർതിരിവ്. കഥകൾ കൂട്ടിയിണക്കിയ പരീക്ഷണങ്ങൾ നേരത്തെ‌ മലയാളത്തിലുണ്ടായിട്ടുണ്ടെങ്കിലും എല്ലാ കഥകളിലും ഒരാൾ തന്നെ നായകനാകുന്നു എന്നതാണ് സോളോയുടെ പ്രത്യേകത.

‘കുറവുകളില്ലാത്ത’ ശേഖറും രാധികയും

അന്ധയായ രാധിക വിക്കുള്ള ശേഖറിനെ പ്രണയിക്കുന്നു. വീട്ടുകാരുടെ എതിർപ്പിനിടയിലും കൂട്ടുകാരുടെ പിന്തുണയോടെ അവർ ഒന്നാകുന്നു. പക്ഷേ കാലം അവർക്ക് കാത്തു വച്ച വിധി മറ്റൊന്നായിരുന്നു. മനോഹരമായ ഇൗ പ്രണയകഥയോടെയാണ് സോളോ ആരംഭിക്കുന്നത്. കുറവുകളുള്ള ശേഖറിന്റെയും രാധികയുടെയും ലോകം കുറവുകളില്ലാതെയാണ് ബിജോയ് നമ്പ്യാർ ഒരുക്കിയിരിക്കുന്നത്. മികച്ച പശ്ചാത്തല സംഗീതവും ഗാനങ്ങളും ചേർന്നപ്പോൾ അവരിരുവരുടെയും ലോകം കൂടുതൽ മനോഹരമാകുന്നു. കബാലിയിലെ ടോംബോയ് ലുക്കിന് നേർവിപരീതമായി അതിസുന്ദരിയായാണ് ധൻസിക എത്തുന്നത്. വേദനയുടെ നുറുങ്ങുകൾ സമ്മാനിച്ചാണ് കഥ അവസാനിക്കുന്നതെങ്കിലും പ്രേക്ഷകന് പോസിറ്റിവിറ്റി പകർന്നു തരുന്നതാണ് ക്ലൈമാക്സ്. 


നിഗൂഢതയുടെ ത്രിലോക്

അരമണിക്കൂർ മാത്രം ദൈർഘ്യമുള്ള ഒരു സസ്പെൻസ് ത്രില്ലറാണ് ത്രിലോക്. ഒരു പ്രതികാരത്തിന്റെ കഥ. ദുൽക്കറിന്റെ ത്രിലോക് എന്ന കഥാപാത്രത്തിനൊപ്പം ആൻസൺ പോൾ, രഞ്ജി പണിക്കർ, ആൻ അഗസ്റ്റിൻ എന്നിവരും അഭിനയിച്ചിരിക്കുന്നു. നാലു കഥകളിൽ വച്ച് സാധാരണ പ്രേക്ഷകനെ കൂടുതൽ ആകർഷിക്കുക ത്രിലോക് ആയേക്കാം. 

ശിവയുടെ താണ്ഡവം

നാലു കഥകളിൽ വച്ച് വയലൻസ് കൂടുതലുള്ളത് ശിവയിലാണ്. അച്ഛനെ കൊന്നവരോടുള്ള പ്രതികാരത്തിനു പുറപ്പെടുന്ന ശിവ. കേരളത്തിലും മുംബൈയിലുമായി ചിത്രീകരിച്ചിരിക്കുന്ന ചിത്രത്തിലെ ശിവ എന്ന കഥാപാത്രത്തിന് കമ്മട്ടിപ്പാടത്തിലെ കൃഷ്ണനോട് ചെറിയ സാമ്യം തോന്നാം. 

ശിവയിലും സസ്പെൻസും ട്വിസ്റ്റുമുണ്ട്. മനോജ് കെ. ജയൻ, പീതാംബരൻ മേനോൻ, ഗോവിന്ദ് മേനോൻ തുടങ്ങിയവരും ഇൗ കഥയുടെ ഭാഗമാണ്. പ്രശാന്ത് പിള്ളയുടെ ചടുലമായ പശ്ചാത്തല സംഗീതം ഇൗ ആക്‌ഷൻ ത്രില്ലറിന്റെ അവിഭാജ്യ ഘടകമായി മാറുന്നു. ഡയലോഗുകൾ അധികമില്ലാത്ത കഥാപാത്രം ദുൽക്കറിന്റെ കയ്യിൽ ഭദ്രം. 


രുദ്രയുടെ പ്രണയനഷ്ടം

നാലു കഥകളിൽ വച്ച് അൽപം മുഷിപ്പ് പ്രേക്ഷകന് സമ്മാനിക്കുന്നത് രുദ്രയാണ്. പട്ടാളക്കാരനായ രുദ്രയുടെയും അക്ഷരയുടെയും പ്രണയവും പ്രണയനഷ്ടവുമാണ് ഇൗ കഥയിൽ പറയുന്നത്. ആക്‌ഷൻ രംഗങ്ങൾ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തും. ദുൽക്കറിന് ഏറ്റവും കൂടുതൽ മാസ് ആക്‌ഷൻ സീനുകളുള്ളത് ഇൗ കഥയിലാണെെങ്കിലും തിരക്കഥയുടെ ബലക്കുറവ് ഇതിനുണ്ട്. രുദ്രയുടെ പശ്ചാത്തല സംഗീതം ചിട്ടപ്പെടുത്തിയ സൂരജ് എസ്. കുറുപ്പ് അഭിനന്ദനം അർഹിക്കുന്നു. അദ്ദേഹം തന്നെ ചിട്ടപ്പെടുതിയ സീതാ കല്ല്യാണമെന്ന ഗാനവും മികച്ചു നിന്നു. 

ബിജോയ് നമ്പ്യാരുടെ മറ്റൊരു ടെക്നിക്കൽ ബ്രില്ല്യൻസാണ് സോളോ. മേക്കിങ്ങിലും ക്വാളിറ്റിയിലും സിനിമ ബോളിവുഡ് ചിത്രങ്ങളോട് കിട പിടിക്കുന്നതുതന്നെ. ഗിരീഷ് ഗംഗാധരൻ, മധു നീലകണ്ഠൻ, സെജൽ ഷാ എന്നിവരുടെ ഛായാഗ്രഹണവും പ്രശാന്ത് പിള്ള, സൂരജ് എസ്. കുറുപ്പ് എന്നിവർ ഒരുക്കിയ സംഗീതവും പശ്ചാത്തലസംഗീതവും മികച്ചു നിന്നു‌. ദുൽക്കർ സൽമാനും തന്റെ കഥാപാത്രങ്ങളോട് നീതി പുലർത്തി. 

സോളോ ഒരു പരീക്ഷണ ചിത്രമാണ്. മറ്റു പരീക്ഷണ ചിത്രങ്ങളെപ്പോലെ സാധാരണ പ്രേക്ഷകന്റെ ആസ്വാദനനിലവാരത്തിന് അപ്രാപ്യമായ ഒന്നും ചിത്രത്തിലില്ല. നാലു ഹ്രസ്വചിത്രങ്ങളെന്ന മട്ടിൽ കണ്ടാൽ സോളോ ആർക്കും ഇഷ്ടപ്പെടും. 

കടപ്പാട് : മലയാള മനോരമ 

No comments:

Post a Comment