Monday 31 December 2018

Koodasha - Malayalam Tamilrockers.to

കഴിഞ്ഞ വാരം പുറത്തിറങ്ങിയ മലയാള ചിത്രങ്ങള്‍ പഴയ പല്ലവി തന്നെ പാടിയപ്പോള്‍ വേറിട്ട സ്വരമായ ചിത്രം : 'കൂദാശ'. ഡിനു തോമസ്‌ കഥ എഴുതി സംവിധാനം ചെയ്ത, ബാബു രാജ് കേന്ദ്ര കഥാപത്രമായ കൂദാശ ,ടൈറ്റില്‍സില്‍ എഴുതിയ പോലെ ,“പെൺമക്കൾ ഉള്ള അച്ഛനമ്മമാര്‍ക്കായി” സമര്‍പ്പിച്ച ചിത്രമാണ്. ആര്യൻ മേനോൻ, സായികുമാർ, ജോയ് മാത്യു, ദേവൻ, കൃതിക പ്രദീപ് എന്നിവരാണ് മറ്റു താരങ്ങള്‍. 

ഒരുകാലത്തു ഏവരെയും വിറപ്പിച്ച ഗുണ്ടയായിരുന്ന, മെത്രാൻ ജോയ് എന്ന വിളിപ്പേരുള്ള ജോയി കല്ലൂരാന്‍ (ബാബുരാജ്) ഭാര്യയുടെ മരണത്തിനു ശേഷം സ്വന്തം മകൾക്കു വേണ്ടി ആ ജീവിതം ഉപേക്ഷിച്ചു ജീവിക്കുന്ന നല്ല അപ്പനാണ്. എന്നാല്‍ ചില അപ്രതീക്ഷിത സംഭവങ്ങൾ അയാളെക്കൊണ്ട് പഴയ വഴി നടക്കാന്‍ വീണ്ടും നിര്‍ബന്ധിതനാക്കുകയാണ്. ആത്മസംഘര്‍ഷങ്ങളോട് മല്ലിടുന്ന ഗുണ്ടയുടെ, നിഗൂഢമായ കഥാപരിസരങ്ങളിലൂടെ പ്രേക്ഷകനെ നടത്തുകയാണ് സംവിധായകന്‍.

വില്ലന്‍ വേഷങ്ങളില്‍ തുടങ്ങി ‘സോള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍’ പോലെയുള്ള ഹാസ്യ റോളുകളില്‍ തിളങ്ങി മുന്നേറുന്ന ബാബു രാജിന്‍റെ കരിയര്‍ ബെസ്റ്റ് അഭിനയമാണ് “കൂദാശ”യില്‍ കണ്ടത്. ഗുണ്ടായിസവും, മുറിവേറ്റ മനസ്സും, മകളെ സ്നേഹിക്കുന്ന അപ്പനും, സ്ത്രീകളെ ബഹുമാനിക്കുന്ന നിലപാടും, പ്രതികാരത്തിന്‍റെ ദാഹമുള്ള സാധാരണക്കാരനെ കൃത്യമായി സ്ക്രീനില്‍ എത്തിച്ച ബാബു രാജ് പ്രത്യക പ്രശംസ അര്‍ഹിക്കുന്നു. 

ബാബുരാജിന്‍റെ കരിയര്‍ ബെസ്റ്റ് സിനിമ തന്നെയാകും കൂദാശ. നിഗൂഢമായ ഒരു കഥാപാത്രമായി സായി കുമാര്‍ തന്‍റെ കഥാപാത്രം ഗംഭീരമാക്കിയപ്പോള്‍, ദേവനും ജോയി മാത്യുവും അവരുടെ റോളുകള്‍ ഭംഗിയാക്കി. ലില്ലിയില്‍ തെളിഞ്ഞ ആര്യന്‍ മേനോന്‍, മെത്രാന്‍ ജോയിയുടെ വിശ്വസ്തന്‍ വേഷം നന്നായി ചെയ്തു. മകളായി എത്തിയ കൃതികയും കയ്യടക്കത്തോടെ ചെയ്തു. സുന്ദരിമാരായി മാത്രം നടിമാരെ കണ്ടു ശീലിച്ച നമുക്ക് സ്വാസിക വിജയിയുടെ മുഖം വേറിട്ട്‌ തന്നെ നില്‍ക്കും. 

ക്വട്ടേഷന്‍, പ്രതികാരം എന്നീ ലൈനില്‍ നിന്ന് മാറി കേന്ദ്ര കഥാപാത്രത്തിന്‍റെ മാനസിക സംഘര്‍ഷങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശ്രമമാണ് ചിത്രത്തെ വേറിട്ടതാക്കിയത്. എന്നാല്‍ സംവിധായകന്‍ മനസ്സില്‍ കരുതിയത്‌ മുഴുവന്‍ സ്ക്രീനില്‍ എത്തിയെന്ന് കരുതാനാവുന്നില്ല. അഥവാ കഥാപരിസരം പ്രേക്ഷകനെ വിശ്വസിപ്പിച്ചെടുക്കുന്നതില്‍ സംവിധായകന് വിജയിക്കാനായില്ല എന്നു പറയാം. 

സിനിമയിലെ പല ഘട്ടങ്ങളിലും ഭൂതകാലമാണോ വര്‍ത്തമാനകാലമാണോ ഇപ്പോള്‍ കാണിക്കുന്നത് എന്ന സംശയം പ്രേക്ഷകന് ഉണ്ടാക്കുന്നുണ്ട്. കേന്ദ്ര കഥാപാത്രത്തിന്‍റെ മനസ്സ് പോലെ രംഗങ്ങളെ അടുക്കിയിരിക്കുകയാണെന്ന് വാദിക്കാമെങ്കിലും അത് വേണ്ട വിധത്തില്‍ പ്രേക്ഷകനോട് സംവദിക്കാന്‍ കഴിയാതെ പോയിട്ടുണ്ട്. അനവസരത്തിലുള്ള ചില തമാശകളും ഒഴിവാക്കാമായിരുന്നു. 

സിനിമയുടെ പള്‍സ് നിലനിര്‍ത്തുന്നതില്‍ മികച്ച പശ്ചാത്തല സംഗീതത്തിനു കഴിഞ്ഞിട്ടുണ്ട്. സുന്ദര ദൃശ്യങ്ങള്‍, കൃത്യമായി ഒപ്പിയെടുക്കാന്‍ ഛായാഗ്രഹകന്‍ ഫൈസല്‍ വി ഖാലിദിന് സാധിച്ചിട്ടുണ്ട്. 
കൂദാശ കാമ്പുള്ള സസ്പെന്‍സ് ത്രില്ലറാണ്. മുന്‍വിധികള്‍ ഇല്ലാതെ സമീപിക്കേണ്ട ഈ ചിത്രം ബാബു രാജിന്‍റെ അഭിനയ മികവ് കൊണ്ടു മാത്രമല്ല, മലയാളത്തിനു പ്രതീക്ഷിക്കാന്‍ വകയുള്ള ഒരു നവാഗത സംവിധായകനെ നല്‍കി എന്നത് കൊണ്ടു കൂടി തിളങ്ങി നില്‍ക്കും. ഗംഭീരമായ ആശയത്തെ, അതി ഗംഭീരമായി അവതരിപ്പിക്കാന്‍, അല്‍പ്പം കൂടി ശ്രദ്ധ നല്‍കിയിരുന്നെങ്കില്‍ മറ്റൊരു തലത്തിലേക്ക് എത്തേണ്ടിയിരുന്ന സിനിമയാണ് കൂദാശ. 

No comments:

Post a Comment